സങ്കീര്‍ത്തനം:10

ഈശ്വരാ അവിടുന്ന് മാറി നില്‍ക്കുവതെന്ത്
കഷ്ടദിവസങ്ങളില്‍ മറഞ്ഞിരിപ്പതെന്ത്
പീഡിപ്പിച്ചിടുന്നിതാ ദുഷ്ടരെളിയവരെ
ചാടിവീഴുന്നവര്‍ മേല്‍ സിംഹങ്ങളെപ്പോലവര്‍

നാഥനെ ദുഷ്ടരവഗണിക്കുന്നു ഗര്‍വിനാല്‍
ദൈവമില്ലാത്തപോലെ പ്രവര്‍ത്തിച്ചിടുന്നവര്‍
ഏറ്റമഭിവൃദ്ധിപ്പെടുന്നു മേല്‍ക്കുമേലവര്‍
ദൈവത്തിന്‍ ന്യായവിധി കാണുന്നില്ല മുന്നിലായ്

വീമ്പ് പറയുന്നവര്‍: "കുലുങ്ങുകയില്ല ഞാന്‍
നേരിടുകയുമില്ല അനര്‍ത്ഥമെനിക്കേതും"
വായില്‍ നിറഞ്ഞിരിപ്പൂ ശാപവും വഞ്ചനയും
ഭീഷണിയുമതിക്രമങ്ങളും ദുഷ്ടതയും

ദുഷ്പ്രവൃത്തികള്‍ ദൈവം കാണുന്നില്ലെന്ന് നിന-
ച്ചവര്‍ മേല്‍ക്കുമേലവ പതിവായ്‌ ചെയ്തീടുന്നു.
എങ്കിലോ വാണീടുന്നു രാജാവായ് സര്‍വേശ്വരന്‍

ദുഷ്ടരെ ശിക്ഷിച്ചിടും തിന്മ ചെയ്യാത്തവിധം

No comments:

Post a Comment