സങ്കീര്‍ത്തനം:14


ഇല്ലൊരു ദൈവവും പാരിതിലെങ്ങുമേ
യെന്നല്ലോ മൂഢര്‍ നിനച്ചിടുന്നു

ചെയ്യുന്നില്ലേതുമവര്‍ നന്മയെങ്കിലോ
ചെയ്യുന്നു തിന്മയും നീതികേടും
മ്ലേഛപ്രവൃത്തികള്‍ ചെയ്തവര്‍ നിത്യവും
കൊള്ളരുതായ്മയില്‍ മുങ്ങിടുന്നു

ഈശനെത്തേടുന്ന ബുദ്ധിമാന്മാരുണ്ടോ-
യെന്ന് കാണ്മാന്‍ സ്വര്‍ഗ്ഗത്തിങ്കല്‍ നിന്നും
തന്നുടെ ദൃഷ്ടികള്‍ ഭൂമിയിലെമ്പാടും
നാള്‍ തോറും ശ്രദ്ധിച്ച് നോക്കിടുന്നു

നന്മകള്‍ ചെയ് വോരെക്കാണുവാനേയില്ല
തിന്മകളേവരും ചെയ്തിടുന്നു
അപ്പം ഭുജിക്കുന്ന ലാഘവത്തോടവര്‍
തിന്നൊടുക്കും സഹജീവികളെ

ദുഷ്ടരെളിയോര്‍ക്കെതിരാകുന്നെങ്കിലും
നാഥനെളിയോര്‍ക്കഭയമത്രേ
ഏറ്റം ഭയന്ന് വിറകൊണ്ടിടും ദുഷ്ടര്‍
ശിഷ്ടര്‍ക്ക് നാഥന്‍ തുണയായിടും

ഏറെയാശിക്കുന്നേനീനാടിന്‍ മോചനം
സീയോനില്‍ നിന്നും വരേണമെന്ന്
പോയകാലത്തെയൈശ്വര്യം നാഥന്‍ വീണ്ടും
നല്‍കിടുമ്പോളാഹ്ലാദിക്കുമവര്‍

No comments:

Post a Comment