സങ്കീര്‍ത്തനം: 22


എന്‍ ദൈവമേയങ്ങെന്നെ കൈവിട്ടതെന്തിന്നായി
യെന്‍ രോദനം കേള്‍ക്കാതെ മാറിനില്‍പ്പതുമെന്തേ?

പകല്‍നേരത്തെല്ലാം ഞാന്‍ വിളിച്ചീടുന്നങ്ങയെ
യെങ്കിലുമവിടുന്ന് ഉത്തരമേകുന്നില്ല
രാത്രിനേരത്തും കേണുറക്കെ വിളിക്കുന്നു ഞാ-
നെങ്കിലും ലേശവുമാശ്വാസം ലഭിക്കുന്നില്ല

ഏവരുമാദരിച്ചിടും സിംഹാസനത്തിന്മേ-
ലാസനസ്ഥനേ അവിടുന്ന് പരിശുദ്ധനാം
അങ്ങയിലാശ്രയിച്ച പൂര്‍വികരെ നിരാശ-
പ്പെടുത്താതവിടുന്ന് വിടുവിച്ച് രക്ഷിച്ചു

മാനുഷനല്ല വെറും കൃമി മാത്രമത്രേ ഞാ-
നേവരുടെയും നിന്ദാപാത്രവുമായിപ്പോയ് ഞാന്‍
നിന്ദിക്കുന്നവര്‍: "സര്‍വേശനില്‍ നീ ആശ്രയിച്ചു
താന്‍ തന്നെയിറങ്ങി വന്ന് രക്ഷിക്കട്ടെ നിന്നെ"

എന്‍ ജന്മനാള്‍ മുതലേങ്ങാകുന്നുവെന്‍ ദൈവം
ശൈശവപ്രായത്തിങ്കലെന്നെ സംരക്ഷിച്ചങ്ങ്
വൈരികള്‍ വളയുമീ നേരത്ത് സര്‍വേശ്വരാ
യെന്നെവിട്ടകന്നവിടുന്ന് പോയീടരുതേ

കാളക്കൂറ്റന്മാരെപ്പോല്‍ വൈരികള്‍ വളഞ്ഞെന്നെ
ഗര്‍ജിക്കും സിംഹംപോലെന്‍ നേരെ വായ് പിളര്‍ന്നവര്‍
നായ്ക്കളെപ്പോലെ ദുഷ്ടര്‍ കീറിയെന്‍ കൈകാലുകള്‍
പങ്കിടുന്നെന്‍ വേഷങ്ങള്‍ കൊള്ളക്കാരെപ്പോലവര്‍

നീരുപോല്‍ ചോര്‍ന്നെന്‍ ശക്തി, അസ്ഥികളുലഞ്ഞുപോയ്
യെന്നുള്ളമുരുകിയിരിക്കുന്നു മെഴുകുപോല്‍
തൊണ്ട വരണ്ടു പോയി നാവണ്ണാക്കോട് പറ്റി
തള്ളിയവിടുന്നെന്നെ മൃത്യുവിന്‍ പൂഴിമണ്ണില്‍

എന്നെ രക്ഷിപ്പാന്‍ വേഗം സര്‍വേശാ വരേണമേ
വൈരികളുടെ വാളില്‍ നിന്നും രക്ഷിക്കണമേ
നാഥാ അങ്ങ് ചെയ്തതാം നന്മകള്‍ വര്‍ണ്ണിക്കുവേന്‍
ഭക്തര്‍ കാണ്‍കെയങ്ങേയ്ക്കായ് നേര്‍ച്ചകളര്‍പ്പിച്ചിടാം

ഭക്തരേ സര്‍വേശനെ സ്തുതിക്ക പ്രകീര്‍ത്തിക്ക
പീഡിതരെയവിടുന്നവഗണിക്കുന്നില്ല
കഷ്ടത്തിലിരിപ്പോരേ നിന്ദിക്കുന്നില്ല നാഥന്‍
മാറ്റിക്കളയില്ല തന്‍ മുഖമവരില്‍ നിന്നും

സര്‍വജനതകളും വന്ദിക്കും സര്‍വേശനെ
സര്‍വഭൂമിക്കും മഹാരാജനവിടുന്നല്ലോ
ഭാവിതലമുറകള്‍ സേവിച്ചിടുമങ്ങയെ
യേവരുമറിയും സര്‍വേശന്‍ രക്ഷകനെന്ന്

No comments:

Post a Comment