സങ്കീര്‍ത്തനം: 23

യാഹെന്നിടയനാണെന്നതിനാലെനി-
ക്കേതും കുറവ് വരികയില്ല

പച്ചയാം പുല്‍പ്പുറത്തെന്നെക്കിടത്തുന്നു
സ്വച്ഛജലം കുടിപ്പാന്‍ നയിപ്പൂ
ഏകുന്നെനിക്ക് നവോന്മേഷമെന്‍ നാഥന്‍
നേര്‍വഴി തന്നില്‍ നടത്തിടുന്നു

കാരിരുള്‍ മൂടിയ താഴ്വര തന്നില്‍ ന-
ടക്കേണ്ടി വന്നാല്‍ ഭയപ്പെടില്ല
ഉണ്ടെന്റെ ദൈവമെന്‍ കൂടെയവിടുത്തെ-
യൂന്നുവടി ദണ്ഡും ധൈര്യമേകും

എന്‍ വൈരികളേറ്റം ലജ്ജിച്ചിടും വിധ-
മെന്‍ നാഥനേകും വിരുന്നെനിക്ക്
എന്‍ ശിരസ്സെണ്ണയാല്‍ ചെയ്യുമഭിഷേക-
മെന്‍ പാനപാത്രം കവിഞ്ഞിടുന്നു

ജിവിതകാലമെല്ലാം പിന്തുടര്‍ന്നിടു-
മീശന്റെ നന്മയും കാരുണ്യവും
മോദമോടെ വസിക്കും ഞാനെന്നാളു-

മീശ്വരന്‍ തന്നുടെ ആലയത്തില്‍ 

No comments:

Post a Comment