സങ്കീര്‍ത്തനം 55

കേട്ടാലുമെന്നുടെ പ്രാര്‍ഥന സര്‍വേശാ
യാചനയ്ക്കുത്തരമേകിയാലും

വേദനയാലെന്‍ ഹൃദയം പിടയുന്നു
എന്നുള്ളിലുണ്ട് മരണഭീതി
ഏറ്റം പെരുകിടുന്നക്രമികള്‍ നാട്ടില്‍
ദുഷ്ടര്‍ വിനാശം വിതച്ചിടുന്നു

പ്രാവുകള്‍ക്കുള്ളപോല്‍ രണ്ട് ചിറകുക-
ളെന്മേലുമുണ്ടായിരുന്നുവെങ്കില്‍
ഏറ്റം കൊടിയ കാറ്റൂതിടുമിന്നാട്ടില്‍
നിന്നും പറന്നങ്ങു മാറിയേനെ

കാര്യമാക്കില്ല ഞാന്‍ വൈരിയായീടുമൊ -
രാളിന്റെ നിന്ദയോ ധിക്കാരമോ
എന്നാല്‍ നിന്ദിച്ചതോ എന്നുറ്റസ്നേഹിത-
നൊപ്പമാരാധിച്ച കൂട്ടുകാരന്‍

ഉറ്റ തോഴര്‍ക്കെതിരായുയര്‍ത്തി കരം
ലംഘിച്ചവന്‍ സ്നേഹത്തിന്‍ കരാറും
വെണ്ണയെക്കാള്‍ മൃദുവായ് സംസാരിച്ചവ-
നുള്ളില്‍ വിദ്വേഷം നിറഞ്ഞിരുന്നു

സര്‍വേശ്വരനെ വിളിച്ചപേക്ഷിക്കുവേന്‍
രക്ഷയേകും നാഥന്‍ നിശ്ചയമായ്
കാലത്തുമുച്ചയ്ക്കും സന്ധ്യയ്ക്കുമെന്നും ഞാന്‍
കേണിടും സങ്കടമോര്‍ത്തുകൊണ്ട്

ഏല്‍പ്പിക്ക നിന്നുടെ ഭാരം സര്‍വേശനെ
താങ്ങും നിനക്കായവിടുന്നവ
ശിഷ്ടര്‍ പതറാനനുവദിക്കില്ല താന്‍
സംരക്ഷീടുമവരെ നാഥന്‍




No comments:

Post a Comment