സങ്കീര്‍ത്തനം 75

നാഥാ ഞങ്ങള്‍ നന്ദി ചൊല്ലുന്നുവങ്ങേയ്ക്ക്
ഘോഷിപ്പേന്‍ താവക അത്ഭുതങ്ങള്‍

ഓതുന്നു സര്‍വേശന്‍: "വന്നിടുമെന്‍ വിധി
താമസിയാതെ ജനതതിമേല്‍
ഭൂമി പ്രകമ്പനം കൊള്ളുമ്പോള്‍ ഞാനതിന്‍
തൂണുകള്‍ ഏറ്റമുറപ്പാക്കുന്നു

ഗര്‍വ്വ് കാട്ടീടരുതെന്നഹങ്കാരിക-
ളോടും ദുഷ്ടരോടുമോതിടുന്നേന്‍
ഗര്‍വോടെ സംസാരിച്ചീടരുത് സ്വന്തം
ശക്തിയിലൂറ്റം കൊണ്ടീടരുത്"

ഈശനില്‍ നിന്നത്രേ വിധി വരുവത്
വേറെങ്ങും നിന്നല്ല ന്യായവിധി
താഴ്ത്തുന്നൊരുവനെ സര്‍വേശനെന്നാലോ
വേറൊരുവനെയുയര്‍ത്തിടുന്നു

ന്യായവിധിയെന്ന പാനപാത്രത്തില്‍ നി-
ന്നേകുന്നു ദുഷ്ടര്‍ക്ക് വേണ്ടും വിധി
ചോര്‍ത്തിക്കളഞ്ഞിടും ദുഷ്ടര്‍ തന്‍ ശക്തിയെ
ചേര്‍ത്തിടും ശിഷ്ടര്‍ക്ക് ശക്തിയേറെ

No comments:

Post a Comment