സങ്കീര്‍ത്തനം 84

സ്വര്‍ഗ്ഗസൈന്യത്തിന്‍ നാഥാ രാജാധിരാജാ തവ
രാജധാനിയെത്രയോ മോഹനം മനോഹരം

എത്രമേലാഗ്രഹിച്ചു പോകുന്നെന്നുള്ളമൊന്ന-
ങ്ങവിടം ദര്‍ശിക്കുവാന്‍ ഒരു നാള്‍ പാര്‍ത്തീടുവാന്‍
എത്രയോ ധന്യര്‍ തവ മന്ദിരത്തില്‍ പാര്‍ത്തുകൊ-
ണ്ടങ്ങേയ്ക്കായ് നിത്യം സ്തുതിഗീതങ്ങളാലപിപ്പോര്‍

കണ്ടാലും രാജാധിരാജാ തവ കൊട്ടാരത്തില്‍
വാസമുറപ്പിച്ചിതാ കുരികില്‍ ചെറുകിളി
തന്‍കുഞ്ഞുങ്ങള്‍ക്കായ് മീവല്‍പ്പക്ഷി കണ്ടെത്തിയിതാ
പാര്‍ക്കുവാനിടം താവക യാഗപീഠത്തിങ്കല്‍

ഈശനില്‍ ശക്തി കണ്ടെത്തിടുന്നോര്‍ ധന്യരത്രേ
രാജപാതയവരിലുണ്ട് സീയോനിലേക്ക്
വറ്റി വരണ്ട താഴ്വരയില്‍ യാത്ര ചെയ്യുമ്പോള്‍
നീരുറവകളാല്‍ നിറയ്ക്കുമവരതിനെ

രാജാധിരാജാ തവ രാജധാനിതന്‍ വാതില്‍-
സൂക്ഷിപ്പുകാരനായി നിയമിക്കുമോ എന്നെ
ദൈവാലയത്തില്‍ പാര്‍ക്കുമൊരുനാള്‍ പോലും വേറെ-
ആയിരം നാള്‍കളെക്കാളെത്രയത്യുത്തമമാം

No comments:

Post a Comment