സങ്കീര്‍ത്തനം 51


നാഥാ കൃപാലുവാമങ്ങെന്റെ പാപങ്ങള്‍
മായ്ചെന്നെ ശുദ്ധീകരിച്ചിടണെ

പാപിയാകുന്നു ഞാനെന്‍ ജന്മനാള്‍ മുതല്‍
പാപങ്ങള്‍ ചെയ്തങ്ങേ സന്നിധിയില്‍
ഞാനറിഞ്ഞീടുന്നെന്‍ കുറ്റങ്ങളൊക്കെയും
നാഥാ തവ വിധി നീതിയുക്തം

ഈശനിഷ്ടപ്പെടുന്നെന്‍ പരമാര്‍ത്ഥത
യെന്നയറിവെന്റെയുള്ളിലേക
ഈസോപ്പ് കൊണ്ടെന്നെ ശുദ്ധീകരിക്കണേ
യെന്മനം മഞ്ഞ് പോല്‍ വെണ്മയാകാന്‍

എന്നകൃത്യങ്ങള്‍ ക്ഷമിച്ചു മായ്ക്കേണമേ
ഹൃത്തിനെ ശുദ്ധമാക്കീടണമേ
തള്ളരുതേ തവ സന്നിധേ നിന്നെന്നെ
താവകാത്മാവിനെ നീക്കരുതെ

ദൈവേഷ്ടം പാലിപ്പാന്‍ സന്മനസ്സേകണേ
രക്ഷയിന്നാഹ്ലാദം നല്ക വീണ്ടും
ദുര്‍ജനത്തെ ഞാന്‍ പഠിപ്പിക്കും ദൈവത്തി-
ന്നിഷ്ടമവരത് പിന്തുടരും

കാക്കുകെന്നെ രക്തപാതകത്തില്‍ നിന്നും
ഘോഷിപ്പേന്‍ താവക രക്ഷയെന്നും
നാഥാ ഞാനങ്ങയെ പാടി സ്തുതിക്കട്ടെ
യെന്നധരങ്ങള്‍ തുറക്കണമേ

നാഥന്‍ പ്രസാദിക്കുന്നില്ല യാഗങ്ങളില്‍
വേണ്ടതാം യാഗമനുതാപമാം
ഏറെത്തകര്‍ന്ന് നുറുങ്ങിടുമുള്ളത്തെ
നിശ്ചയമീശ്വരന്‍ കൈവിടില്ല


No comments:

Post a Comment