സങ്കീര്‍ത്തനം 88

എന്‍ രക്ഷകാ സര്‍വേശാ രാപ്പകല്‍ കരയുന്നേന്‍
എന്‍ നിലവിളി കേള്‍ക്ക, എന്‍ പ്രാര്‍ഥന ശ്രദ്ധിക്ക
എത്തിയിരിക്കുന്നു ഞാന്‍ പാതാളത്തിന്‍ വാതില്‍ക്കല്‍
മൃത്യുഗര്‍ത്തത്തിന്‍ വക്കത്തായിരിപ്പൂ ഞാനിതാ

വാങ്ങിപ്പോയവനെപ്പോല്‍ തള്ളപ്പെട്ടിരിപ്പൂ ഞാന്‍
തവ രോഷത്തിന്‍ തിരമാലകള്‍ മൂടുന്നെന്നെ
സ്നേഹിതരെന്നെക്കണ്ടിട്ടൊഴിഞ്ഞു മാറീടുന്നു
ഭീകരദൃശ്യമായി മാറി ഞാനവര്‍ക്കിന്ന്

കാരാഗൃഹത്തില്‍ പാര്‍ക്കും തടവുകാരന്‍ പോല്‍ ഞാന്‍
ഏറെ ദുഖത്താലെന്‍റെകാഴ്ചയും മങ്ങിപ്പോയി
കേഴുന്നങ്ങയോട് നിരന്തരം സര്‍വേശ്വരാ
കൈകളെയുയര്‍ത്തി ഞാന്‍ പ്രാര്‍ഥിക്കുന്നങ്ങയോട്

വാങ്ങിപ്പോയോര്‍ക്കായ് നാഥന്‍ അത്ഭുതം ചെയ്തീടുമോ?
മൃതരെഴുന്നേറ്റ് ദൈവത്തെ സ്തുതിച്ചീടുമോ
മൃതലോകത്തില്‍ തവ മഹാവിശ്വസ്തയും
കാരുണ്യാതിരേകവും പ്രഘോഷിക്കപ്പെടുമോ

കേണിടുന്നുച്ചത്തില്‍ ഞാനങ്ങയോടെന്‍ സര്‍വേശാ
എന്തേയെന്നില്‍ നിന്നങ്ങ് മുഖം മറച്ചീടുന്നു
നാഥാ അങ്ങേകിയതാം ക്രൂരകഷ്ടതകളാല്‍
ശൈശവം മുതല്‍ക്കേ മരണാസന്നന്‍ തന്നെ ഞാന്‍

താവക ക്രോധമെന്‍ തലയ്ക്ക് മേലൊഴുകുന്നു
ഭീകരപീഡനങ്ങള്‍ നശിപ്പിച്ചിടുന്നെന്നെ
ബന്ധുക്കളെ മിത്രങ്ങളെയെന്നില്‍നിന്നകറ്റി
കൂട്ടുകാരനായുണ്ടെനിക്ക് കൂരിരുള്‍ മാത്രം

No comments:

Post a Comment