സങ്കീര്‍ത്തനം 68


കീര്‍ത്തനങ്ങള്‍ നമുക്കീശന് പാടിടാം
ഘോഷിക്കാം തന്‍ നാമത്തിന്‍ മഹത്വം
മേഘങ്ങളില്‍ സഞ്ചരിപ്പവന്ന് സ്തോത്ര-
ഗീതങ്ങളാലപിച്ചാനന്ദിപ്പിന്‍

ഈശനനാഥര്‍ക്കൊരു നല്ല നാഥനും
വൈധവ്യമേറ്റോര്‍ക്ക് രക്ഷകനും
സ്വാതന്ത്ര്യമേകുന്നടിമകള്‍ക്കായ് നാഥ-
നേകുന്നവര്‍ക്കെല്ലാമൈശ്വര്യവും

യാത്ര മരുഭൂവിലൂടവര്‍ ചെയ്തപ്പോള്‍
ഭൂകുലുങ്ങി വാനം വര്‍ഷമേകി
കുറ്റിച്ചെടി പോലെ വാടിക്കരിഞ്ഞതാം
ദേശം മഴയാല്‍ തളിര്‍ത്തു വീണ്ടും

പാര്‍ത്തവിടുത്തെയജഗണമന്നാട്ടില്‍
വേണ്ടതെല്ലാമങ്ങവര്‍ക്ക് നല്‍കി
ഈശ്വരന്‍ വന്നു തന്‍ സൈന്യങ്ങളോടൊപ്പം
സീനായില്‍ നിന്ന് സീയോനിലേക്ക്

പേറുന്നു നമ്മുടെ ഭാരങ്ങളീശ്വര-
നേകുന്നു രക്ഷ മൃതിയില്‍ നിന്നും
നാഥനെന്നാലോ ദുര്‍മ്മാര്‍ഗ്ഗേ ചരിപ്പോരേ
കാരുണ്യമില്ലാതരിഞ്ഞു വീഴ്ത്തും

കാഴ്ചകളുമായി രാജാക്കന്മാരിതാ
ആഗതരായങ്ങേ സന്നിധിയില്‍
താവകശക്തി വെളിപ്പെടുത്തീടുക
സര്‍വശക്തിക്കുമുറവിടമേ

കപ്പം മോഹിപ്പോരെയാട്ടിയോടിക്കുക
യുദ്ധപ്രിയരെച്ചിതറിക്കുക
ശാസിക്ക ഞാങ്ങണമദ്ധ്യത്തില്‍ പാര്‍ക്കുമാ
ഹിംസ്രജന്തുവാകുമീജിപ്തിനെ

മേഘങ്ങളെ ന്റെ തേരാക്കി മാറ്റുന്നു
രാജാധിരാജാവാം സര്‍വേശ്വരന്‍
ഭൂവിലെ രാജ്യങ്ങളേ കീര്‍ത്തനം ചൊല്‍വി-
നേറ്റം ബലവാനാം സര്‍വേശന്

No comments:

Post a Comment