സങ്കീര്‍ത്തനം 78

കേള്‍ക്കുകയെന്‍ ജനമേയെന്‍ പ്രബോധനം
പൂര്‍വികരില്‍ നിന്ന് കേട്ടതിത്

ഓതാമതിശയകൃത്യങ്ങളെപ്പറ്റി
ഈശ്വരന്‍ ചെയ്തു നമുക്കായവ
കേട്ടു ശ്രദ്ധിച്ചത് സന്തതികള്‍ക്കായി
കൈമാറിടേണം സുനിശ്ചിതമായ്

പൂര്‍വികര്‍ക്കേകി ന്യായപ്രമാണം നാഥന്‍
കൈമാറിത്തന്നു നമുക്കതവര്‍
ഭാവിതലമുറയ്ക്കേകാം നമുക്കത്
ദൈവജനമായവര്‍ ജീവിപ്പാന്‍

ദാസ്യത്തില്‍ ജീവിച്ചു പൂര്‍വികരീജിപ്റ്റില്‍
ദൈവമവരെ സ്വതന്ത്രരാക്കി
ബാധകളന്നാട്ടുകാര്‍ക്ക് നല്‍കിക്കൊണ്ട്
ഈശന്‍ വിടുവിച്ചു തന്‍ ജനത്തെ

ആട്ടിന്‍ പറ്റത്തെയൊരിടയനെന്നപോല്‍
കാട്ടി വഴി മരുഭൂവിലൂടെ
ആഴിയിലൂടെ വഴിയൊരുക്കീ നാഥന്‍
പാറ പിളര്‍ന്ന് ജലവുമേകി

മേഘത്താലുമഗ്നിയാലും വഴി കാട്ടി
മാലാഖമാരുടെ ഭോജ്യമേകി
മാംസം കൊതിതീരുവോളം ഭക്ഷിക്കുവാന്‍
കാറ്റിനാല്‍ വര്‍ഷിച്ചു പക്ഷികളെ

നാഥന്‍റെമാറ്റമില്ലാത്ത ദയയതും
കാരുണ്യവുമവര്‍ സംശയിച്ചു
ആ വിധം മത്സരിച്ചു ദൈവത്തോടവര്‍
കോപിപ്പിച്ചങ്ങനെ സര്‍വേശനെ

കാരുണ്യവാനാം സര്‍വേശ്വരനെങ്കിലും
കോപത്താല്‍ നാശം വരുത്തിയില്ല
വീണ്ടും വരാതെ കടന്നങ്ങുപോയിടും
ശ്വാസമവരെന്ന് നാഥനോര്‍ത്തു

ഏകിയവര്‍ക്കായ് കനാന്‍ ദേശമീശ്വരന്‍
നീക്കിക്കളഞ്ഞന്യ ജാതികളെ
എങ്കിലുമീശനെ കോപിപ്പിച്ചു അവര്‍
പിന്തിരിഞ്ഞു ചതിവില്ല് പോലെ

ശീലോവിന്‍ വാസമതാല്‍ വിട്ടു സര്‍വേശന്‍
കൈവിട്ടുടമ്പടിപ്പെട്ടകവും
നാഥനുപേക്ഷിച്ചു തന്‍ ജനത്തെയതാല്‍
സമ്പൂര്‍ണനാശം സമീപമായി

ഗാമാം നിദ്രയില്‍ നിന്നെന്നപോലവേ
ഈശനെഴുന്നേറ്റു വന്നു വേഗം
നാശത്തില്‍ നിന്ന് രക്ഷിച്ചവരെ വേഗം
ഓടിച്ചു ശത്രുക്കളെയകലെ

സീയോനില്‍ നിര്‍മ്മിച്ചു നവ്യമാം മന്ദിരം
ഏകി പുതിയൊരിടയനെയും
ദാവീദ് രാജാവ് യൂദഗോത്രക്കാരന്‍
മേയിച്ചവരെ സമര്‍ത്ഥമായി

No comments:

Post a Comment