സങ്കീര്‍ത്തനം 74

താവകാടുകളാകും ഞങ്ങളെ നാഥാ
കൈവിട്ടിരിക്കുന്നതെന്തുകൊണ്ട്?
സ്വന്തജനമായ് തെരഞ്ഞെടുത്തോരാമ--
ടിയാരെ തള്ളിക്കളഞ്ഞതെന്ത്?

താവക വാസസ്ഥലമാകും സീയോനില്‍
നാട്ടി ശത്രുക്കള്‍ വിജയക്കൊടി
നാഥാ തവാലയത്തെയവര്‍ നാമാവ-
ശേഷമായ് മാറ്റിക്കളഞ്ഞുവല്ലോ

നാട്ടിലെയാരാധനാലയങ്ങളെല്ലാം
തീയിക്കിരയാക്കിത്തീര്‍ത്തുവല്ലോ
ശേഷിച്ചിട്ടില്ലൊരു ദൈവമനുഷ്യനും
ഏവരും വാളിന്നിരയായിതാ

ആദിയിലേയങ്ങ് ഞങ്ങള്‍ക്ക് രാജാവ്
ഭൂവിതില്‍ രക്ഷകനുമങ്ങ് താന്‍
ഈ ലോകത്തില്‍ ക്രമം ലിവ്യാഥാനെക്കൊന്ന്
സ്ഥാപിച്ചതുമവിടുന്നുതന്നെ

നാഥാ തവ പ്രാവിനെക്കൊടുത്തീടല്ലേ
ക്രൂരമൃഗങ്ങള്‍ക്കാഹാരമായി
പീഡിതര്‍ ലജ്ജിതരാകാനിടയാകാ
പാടട്ടെളിയോരങ്ങേയ്ക്ക് സ്തുതി

വൈരികളെത്രനാളങ്ങേ നിന്ദിച്ചിടും
താവകനാമമവര്‍ ദുഷിക്കും
നാഥാ അവിടുന്ന് ചെയ്തയുടമ്പടി -
യോര്‍ത്ത് ഞങ്ങള്‍ക്കായെഴുന്നേല്‍ക്കണേ

No comments:

Post a Comment