സങ്കീര്‍ത്തനം 45


കീര്‍ത്തനമൊന്ന് ഞാനെന്‍ മഹാരാജന്റെ
തൃപ്പാദത്തിങ്കലര്‍പ്പിക്കുന്നിതാ
സുന്ദരമാമൊരു കാവ്യം രചിച്ചിടും
തൂലിക പോലെയാണെന്റെ നാവ്

ഏറ്റവും സുന്ദരനങ്ങ് മനുഷ്യരി-
ലീശനനുഗ്രഹിക്കുന്നുവങ്ങേ
താവകാധരങ്ങളില്‍ നിന്ന് വീണിടും
വാക്കുകളേറ്റവും ഹൃദ്യമത്രേ

വീരനാം രാജായേറ്റം പ്രതാപത്തോടെ
തേജസ്സിന്‍ വാള്‍ ധരിച്ചീടുകെന്നും
നന്നായി നീതിയും സത്യവും പാലിച്ച്
മുന്നേറിയാലും ജയത്തിലേക്ക്

താവകപാദങ്ങളില്‍ വീഴും ജാതികള്‍
ഭീതി പരത്തും തവ വലങ്കൈ
അങ്ങെയ്യുമമ്പുകള്‍ നിഷ്ക്കരുണം തുള-
ച്ചീടണം ശത്രുഹൃദയങ്ങളില്‍

ശാശ്വതമേ തവ ദിവ്യസിംഹാസനം
നീതിയിന്‍ ചെങ്കോല്‍ തവകരത്തില്‍
ദ്വേഷിക്കുന്നു തിന്മ സ്നേഹിക്കുന്നു നന്മ-
യേകിയതാലീശന്‍ സിംഹാസനം

രാജാവിന്നങ്കികളെത്ര സുരഭിലം
കേള്‍ക്കുന്നു സംഗീതം സൌധങ്ങളില്‍
രാജ്ഞി വലഭാഗെയുണ്ടൈശ്വര്യത്തോടെ
രാജകുമാരികളേറെ നില്‍പ്പൂ

കാഴ്ചകളര്‍പ്പിക്കും സോരിലെ നാട്ടുകാര്‍
കാഴ്ച വയ്ക്കും ധനികര്‍ ധനവും
വാഴ്ത്തിടും താവകനാമം ജനതകള്‍
കീര്‍ത്തിച്ചിടുമവരെന്നുമെന്നും

No comments:

Post a Comment