Saturday, December 28, 2019

ഗ്രന്ഥകര്‍ത്താവ് : ജോണ്‍ ഡി .കുന്നത്ത്

ഉള്ളടക്കം 


അനുഗ്രഹാശംസ

അവതാരിക 
മുഖവുര 
ആശംസകള്‍ 

91. അത്യുന്നതന്‍ തന്‍ മറവില്‍ വസിക്കുവോന്‍ 
92. എത്രയോ ശ്രേഷ്ഠം സര്‍വേശാ തിരുമുമ്പില്‍
93. ഈശ്വരന്‍ വാഴുന്നു ലോകരാജാവായി 
94. നാഥാ വിധികര്‍ത്താവേ അവിടുന്നിപ്പോള്‍ 
95. വന്നാലുമീശനെ കീര്‍ത്തിച്ചിടാമൊന്നായ് 
96. പാടിടാമീശന് നവ്യമാം കീര്‍ത്തനം 
97. വാഴുന്നു സര്‍വേശ്വരന്‍ സന്തോഷിക്കട്ടെ ഭൂതലം 
98. പാടുവിന്‍ നവ്യമാം ഗീതമൊന്നീശന് 
99. വാഴുന്നു ലോകരാജാവായി സര്‍വേശന്‍ 
100. ആര്‍പ്പിടട്ടെ സര്‍വേശന്ന് ഭൂവാസികള്‍ 
101.നീതിയെപ്പറ്റി കരുണയെപ്പറ്റിയും 
102. കേള്‍ക്കുക ശ്രദ്ധിച്ചെന്‍ പ്രാര്‍ത്ഥന സര്‍വേശാ 
103. വാഴ്ത്തുക എന്നുടെയുള്ളമേ ഈശനെ 
104. എന്നുള്ളമേ നീ സര്‍വേശനെ വാഴ്ത്തുക 
105. ഈശന് സ്തോത്രമര്‍പ്പിച്ചിടാം തന്നെ വി-
106. ഈശ്വരന്ന് സ്തുതിപാടുവിന്‍ നല്ലവ
107. സര്‍വേശന് സ്തോത്രം ചെയ്യുവിന്‍ നല്ലവന്‍ 
108. കാലേയുമുണര്‍ന്നെന്റെയുള്ളമേ സുസ്ഥിര-
109. നാഥാ മഹത്വപ്പെടുത്തുന്നുവങ്ങയെ 
110. ഈശനരുളിയെന്‍ രാജാവിനോട്: "നീ 
111. ശിഷ്ടര്‍ തന്നാരാധനാസഭയില്‍ മന
112. ദൈവഭക്തര്‍ വാഴ്ത്തപ്പെട്ടവര്‍ ദൈവേഷ്ടം 
113. സര്‍വേശന് സ്തുതി പാടുവിനേവരും 
114. ഈജിപ്റ്റില്‍ നിന്നുമിസ്രായേല്‍ ജനം പുറ
115. ഞങ്ങള്‍ക്കല്ല മാനം തവ നാമത്തിനല്ലോ നാഥാ 
116. ഈശനെ സ്നേഹിപ്പേന്‍ പ്രാര്‍ത്ഥന കേട്ടതാല്‍ 
117. ജാതികളേ സ്തുതിച്ചീടുവിനീശനെ 
118. നല്ലവനായിടുമീശ്വരന്ന്‍ സ്തോത്ര
119. ന്യായപ്രമാണത്തിന്‍റെമാഹാത്മ്യം 
1-8. ആലേഫ് 
9-16. ബേത്ത് 
17-24. ഗീമല്‍ 
25-32. ദാലത്ത് 
33-40. ഹേ 
41-48. വൌ 
49-56. സയിന്‍ 
57-64. ഹേത്ത് 
65-72. തേത്ത് 
73-80. യോദ് 
81-88. കഫ് 
89-96. ലാമെദ് 
97-104. മേം 
105-112. നൂന്‍ 
113-120. സാമെക് 
121-128. അയിന്‍ 
137-144. സാദെ 
145-152. കോഫ് 
153-160. രേശ് 
169-176. തൌ
120. കേണു ഞാന്‍ കഷ്ടതയില്‍ സഹായത്തിനായ് 
121. കുന്നുകളിലേക്കുയര്‍ത്തുന്നുവെന്‍ കണ്‍കള്‍ 
122. പോയിടാം ദൈവാലയത്തിലേക്കെന്നവര്‍ 
123. കണ്‍കളുയര്‍ത്തുന്നടിയങ്ങള്‍ സ്വര്‍ഗ്ഗത്തില്‍
124. ചൊല്ലട്ടെ ഇസ്രയേല്‍വൈരികള്‍ നമ്മെയെ
125. സര്‍വേശനിലാശ്രയം വച്ചിടുന്നവര്‍ 
126. ബാബിലോണിലടിമപ്പണി ചെയ്തോരാം 
127. വീട് സര്‍വേശന്‍ പണിയുന്നില്ലെങ്കിലോ
128. ഈശ്വരനെ ഭയപ്പെട്ടു തന്‍ പാതയി
129. ചൊല്ലട്ടെ ഇസ്രയേല്‍ബാല്യകാലം മുതല്‍ 
130. കഷ്ടതയിന്നാഴത്തില്‍ നിന്നുമങ്ങയെ 
131. ഇല്ല നിഗളം സര്‍വേശാ എന്നുള്ളത്തില്‍ 
132. ഓര്‍ക്കുകയീശാ മഹാനായ ദാവീദ് 
133. സോദരര്‍ ഒത്തൊരുമിച്ച് വസിപ്പത്
134. ആലപിപ്പിന്‍ കീര്‍ത്തനങ്ങള്‍ സര്‍വേശന് 
135. ദേവാലയത്തില്‍ ശുശ്രൂഷകള്‍ ചെയ്വോരേ
136. ദേവാധിദേവന് കര്‍ത്താധികര്‍ത്തന് 
137. ബാബേലിലാറിന്‍റെതീരത്തിരുന്നെങ്ങള്‍ 
138. സ്തോത്രമര്‍പ്പിക്കുന്നേന്‍ നാഥാ തിരുമുമ്പില്‍
139. നാഥാ അങ്ങെന്നുളളം ശോധിച്ചറിയുന്നു 
140. ദുഷ്ടരില്‍ നിന്നെന്നെ രക്ഷിക്ക സര്‍വേശാ 
141. നാഥാ വിളിച്ചപേക്ഷിക്കുന്നുവങ്ങയെ 
142. നാഥാ വിളിച്ചപേക്ഷിക്കുന്നുവുച്ചത്തില്‍ 
143. കേട്ടാലുമെന്നുടെ പ്രാര്‍ത്ഥന സര്‍വേശാ 
144. വാഴ്ത്തപ്പെടട്ടെ സര്‍വേശന്‍ അവിടുന്നെന്‍ 
145. എന്നീശ്വരാ 
146. എന്നുടെയുള്ളമേ ഈശനെ വാഴ്ത്തുക 
147. വാഴ്ത്തുവിന്‍ സര്‍വേശനെ നമ്മുടെ ദൈവത്തിന് 
148. ഈശ്വരനെ സ്തുതിച്ചീടുവിനേവരും 
149. ആലപിച്ചാലും നവ്യമൊരു കീര്‍ത്തനം 
150. സര്‍വേശനെ സ്തുതിച്ചീടുവിന്‍ തന്നാല

സങ്കീര്‍ത്തനങ്ങള്‍ ചൊല്ലുന്നത് ഇവിടെ കേള്‍ക്കാം 


അനുഗ്രഹാശംസ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനവേദഗ്രന്ഥമായ വിശുദ്ധ ബൈബിളിലെ ഏറ്റവും ശ്രദ്ധേയവും ജനകീയവുമായ ഗാനസമാഹാരമാണ് സങ്കീര്‍ത്തനങ്ങള്‍. ദൈവജനം അവരുടെ അനുദിനജീവിതത്തിന്റെ വിവിധ തലങ്ങളില്‍ യഹോവയായ ദൈവത്തെ പാടി സ്തുതിക്കുന്നതിനായി രചിച്ച ആരാധനാഗീത ങ്ങളാണവ.

എബ്രായരാഗങ്ങളില്‍ കാവ്യാത്മകമായി ചിട്ടപ്പെടുത്തിയിരി ക്കുന്ന സങ്കീര്‍ത്തനങ്ങളെ മലയാളഭാഷയുടെ മനോഹാരിത യില്‍ വൃത്തനിബദ്ധമായി കാവ്യരൂപത്തില്‍ അവതരിപ്പിച്ചിരിക്കുക യാണ് നമ്മുടെ വാത്സല്യവാന്‍ ജോണ്‍ ഡി. കുന്നത്ത് രചിച്ചിരി ക്കുന്ന ഈ ഗ്രന്ഥത്തില്‍. പുതുതലമുറയ്ക്ക് സങ്കീര്‍ത്തനങ്ങളുടെ സാഹിത്യഭംഗിയെയും ആത്മീയ അര്‍ത്ഥതലങ്ങളെയും മലയാള ഭാഷയുടെ ശേഷ്ഠമായ വൃത്തശാസ്ത്രത്തെയും പരിചയപ്പെടുത്തുന്ന തിന് ഈ ഉദ്യമം മുഖാന്തിരമാകട്ടെ എന്ന് നാം പ്രാര്‍ഥിക്കുന്നു. ഗ്രന്ഥത്തിനും ഗ്രന്ഥകാരനും എല്ലാ ആശസകളും നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ!

ബസേലിയോസ് മാര്‍ത്തോമാ പൌലോസ് ദ്വിതിയന്‍ കാതോലിക്കാബാവ

ജനുവരി 5, 2020 

അവതാരിക
ആത്മീയാന്വേഷണത്തിന്‍റെ ഫലം

ശ്രീ ജോണ്‍ ഡി. കുന്നത്ത് എഴുതിയ ഈ ഗ്രന്ഥം ക്രൈസ്തവവിശ്വാസികള്‍ക്ക് പുതിയൊരു ഉണര്‍വാണ് നല്‍കുന്നത്. പഴയനിയമത്തിലെ 150 സങ്കീര്‍ത്തനങ്ങളെയും അപഗ്രഥിച്ച് അദ്ദേഹം ചമച്ചിരിക്കുന്ന ഈ കൃതി സങ്കീര്‍ത്തനങ്ങള്‍ വായിച്ചും ശ്രവിച്ചും ധ്യാനിക്കാനാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വലിയൊരു മുതല്‍ക്കൂട്ട് തന്നെയാണ്. വേദപുസ്തകത്തെയും വിശ്വാസസംഹിതകളെയും ആരാധനാ ജീവിതത്തില്‍ ഉപയോഗിക്കുന്നവര്‍ക്ക് പലപ്പോഴും അവയുടെ ഭാഷയും വാചകഘടനയും തടസമായി നില്‍ക്കാറുണ്ട്. സങ്കീര്‍ത്തനങ്ങളെ സംബന്ധിച്ചും ഇത് സത്യമാണ്. ഇസ്രായേലിന്റെ ചരിത്രത്തില്‍ നൂറ്റാണ്ടുകള്‍ കൊണ്ട് രചിക്കപ്പെട്ട കീര്‍ത്തനങ്ങള്‍ ഇസ്രായേലിലെ ഏറ്റവും വലിയ സംഗീതജ്ഞനായ ദാവീദ് രാജാവിന്റെ പേരിലാണല്ലോ അറിയപ്പെടുന്നത്. അഞ്ച് വിഭാഗങ്ങളിലായി ക്രമീകരിക്കപ്പെട്ടിരിക്കുന്ന സങ്കീര്‍ത്തനങ്ങള്‍ ഒരു വിശ്വാസിയുടെ ആത്മീയ ജീവിതത്തില്‍ വളരെ സ്വാധീനം ചെലുത്തുന്നതുകൊണ്ടുതന്നെ വി വേദപുസ്തകത്തിലെ മറ്റ് ഗ്രന്ഥങ്ങളെക്കാളുപരി ഏവരും ഉപയോഗിക്കുന്ന വേദഭാഗമാണ്. രാജകീയസദസ്സുകളിലും യരുശലേം ദേവാലയത്തിലും തീര്‍ത്ഥാടനങ്ങളിലും വ്യക്തിഗതമായ ധ്യാനങ്ങളിലുമൊക്കെ ഉപയോഗിക്കപ്പെട്ടിരുന്ന 150 സങ്കീര്‍ത്തനങ്ങള്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലും വലിയൊരു ആത്മീയ സ്രോതസ്സ് തന്നെയാണ്. എബ്രായ കാവ്യശാഖയുടെ ഭംഗി ചോരാതെ അവയെ ചമച്ചിരിക്കുന്ന കവികള്‍ യഹൂദരും ക്രൈസ്തവരുമായ വിശ്വാസികള്‍ക്ക് എക്കാലത്തും ഉപയോഗിക്കാനുതകുന്ന അക്ഷയ ഖനിയായി തന്നെ സങ്കീര്‍ത്തനങ്ങള്‍ നിലകൊള്ളുന്നു.

ഗ്രന്ഥകാരന്‍ തന്‍റെ ഭാഷാപരമായ കഴിവുകളുപയോഗിച്ച് ഓരോ സങ്കീര്‍ത്തനവും ഇന്നത്തെ മനുഷ്യന് മനസിലാകുന്ന തരത്തില്‍ പുതുതായി രചിച്ചിരിക്കുകയാണ്. വാക്യംപ്രതിവാക്യമായി ഓരോ കീര്‍ത്തനങ്ങളും രചിക്കാതെ അവയുടെ അര്‍ത്ഥവും സാരവും ചോര്‍ന്നുപോകാത്ത വിധത്തില്‍ അനുവാചകന് പകര്‍ന്നുകൊടുക്കു ന്നതില്‍ അദ്ദേഹം വിജയിച്ചു എന്ന് തന്നെ പറയാം. സുദീര്‍ഘങ്ങളായ ചില സങ്കീര്‍ത്തനങ്ങളെ അവയുടെ പൊതുചിന്താവിഷയങ്ങളിലൊതുക്കി കാവ്യഭംഗിയോടെ പുനരവതരണം ചെയ്തിരിക്കുന്നത് ആലാപനം ചെയ്യുവാനും ധ്യാനിക്കുവാനും വളരെ ഉപകാരപ്രദമാണ്. ലളിതമായ ഭാഷാ ശൈലിയാണ് ഈ ഗ്രന്ഥത്തിന്റെ ഏറ്റവും വലിയ ശ്രേഷ്ഠത. ആശയങ്ങള്‍ ഒട്ടും തന്നെ ചോര്‍ന്നു പോകാതെ വിഷമം പിടിച്ച വരികളെ ലളിതമാക്കുന്നുണ്ട് ഗ്രന്ഥകാരന്‍. അദ്ദേഹത്തിന്‍റെ ഈ പുതിയ ഗ്രന്ഥം ദൈവാന്വേഷികളായ വിശ്വാസികള്‍ക്ക് വളരെയധികം പ്രയോജനപ്പെടു മെന്നതില്‍ രണ്ടുപക്ഷമില്ല.

ദീര്‍ഘകാലത്തെ വിദേശവാസം കഴിഞ്ഞ നാട്ടില്‍ സ്ഥിരതാമസമാക്കിയ ശ്രീ ജോണ്‍ കുന്നത്ത് ശാന്തമായി തുടരുന്ന തന്‍റെ ആത്മീയാന്വേഷണത്തിന്റെ ഏറ്റവും പുതിയ ഫലമായിട്ടാണ് ഈ ഗ്രന്ഥത്തെ നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുകയും വായനക്കാര്‍ക്ക് നല്ലൊരു വായനാനുഭവം ലഭിക്കട്ടെ എന്ന് പ്രാര്‍ഥിക്കുകയും ചെയ്യുന്നു.

ഫാ. ഡോ. രജി മാത്യു



മുഖവുര
"കീര്‍ത്തിക്കുന്ന ഗാനം" ലോപിച്ചാണ് കീര്‍ത്തനം എന്ന പദം ഉണ്ടായിരിക്കുന്നത് എന്ന് അനുമാനിക്കാം. തുടക്കത്തില്‍ സ ചേര്‍ക്കുന്നത് നല്ല എന്ന അര്‍ഥത്തിലാണെങ്കില്‍ സങ്കീര്‍ത്തനം എന്ന പദത്തിന് സര്‍വേശനെ കീര്‍ത്തിക്കുന്ന നല്ല ഗാനം എന്ന് അര്‍ഥം നല്‍കാം. ഗ്രീക്കിലെ Psalmosഎന്ന പദത്തിന് ഒരു സംഗീതോപകരണം ഉപയോഗിച്ച് ആലപിക്കുന്ന ഗീതം എന്ന് അര്‍ഥമുണ്ട്. അത് ഇംഗ്ലിഷില്‍ psalm ആയി. ഗ്രീക്കിലെ Hymnos എന്ന വാക്കിന് ദൈവത്തെ കീര്‍ത്തിക്കുന്ന ഗാനം എന്നാണ് അര്‍ഥം. അത് ഇംഗ്ലിഷില്‍ hymn ആയി. സുറിയാനിയില്‍ സ്മാര്‍ എന്നാല്‍ പാടുക എന്നര്‍ഥം. കിഴക്കന്‍ സുറിയാനിയില്‍ മസ്മൂറ എന്നും പടിഞ്ഞാറന്‍ സുറിയാനിയില്‍ മസ്മൂറോ എന്നും പാട്ട് എന്ന അര്‍ത്ഥത്തില്‍ സങ്കീര്‍ത്തനത്തെ വിളിക്കുന്നു.

എബ്രായ ജനത അവരുടെ ആരാധനയില്‍ ഉപയോഗി ച്ചിരുന്ന കീര്‍ത്തനങ്ങളുടെ സമാഹാരമാണ് നമ്മുടെ വേദപുസ്തകത്തിന്റെ ഭാഗമായിരിക്കുന്ന സങ്കീര്‍ത്തനങ്ങള്‍. അക്കാലത്തെ ഏറ്റവും നല്ല കാവ്യങ്ങളായിരുന്നു അവ. ആഴമായ അര്‍ഥതല ങ്ങള്‍ ഉള്ളവയും കാവ്യഭംഗിയുള്ളവയുമാണവ. മനുഷ്യമനസ്സുകളെ അവയിലെ നാനാവിധ വിചാരവികാരങ്ങളോട് കൂടിയും സങ്കീര്‍ത്തനങ്ങളില്‍ തുറന്നു വച്ചിരിക്കുന്നത് കാണാം. ആരാധനയില്‍ ആരാധകര്‍ക്ക് അവരുടെ ഹൃദയങ്ങള്‍ പൂര്‍ണമായി ദൈവസന്നിധിയില്‍ തുറന്ന് വയ്ക്കുന്നതിന് സങ്കീര്‍ത്തനങ്ങള്‍ സഹായിക്കും.

എബ്രായര്‍ സങ്കീര്‍ത്തനങ്ങള്‍ ആലപിച്ചിരുന്നത് പദ്യരൂപത്തിലാണ്. പദ്യം ഹൃദയത്തിന്റെ ഭാഷയാണ്; ഗദ്യം ചിന്തയുടെ ഭാഷയും. എന്നാല്‍ അനേകം മൊഴിമാറ്റങ്ങള്‍ കടന്നു നമ്മുടെ കയ്യിലെത്തിയിരിക്കുന്നത് ഗദ്യരൂപത്തിലുള്ള സങ്കീര്‍ത്തനങ്ങളാണ്. അവ വീണ്ടും പദ്യരൂപത്തില്‍ ചൊല്ലാന്‍ കഴിയുമ്പോഴാണ്‌ അവയുടെ അര്‍ഥവും സൗന്ദര്യവും കുറെയെങ്കിലും വീണ്ടെടുക്കാനും ആസ്വദിക്കാനും കഴിയുന്നത്. അതിനുള്ള ഒരു ശ്രമമാണ് ഇവിടെ നടത്തിയിരിക്കുന്നത്.

നമ്മുടെ കുടുംബാരാധനയിലും പ്രാര്‍ഥനായോഗങ്ങളിലും സണ്ടേസ്കൂളിലും മറ്റും ആലപിക്കത്തക്ക രീതിയില്‍ വൃത്തനിബദ്ധമായാണ് സങ്കീര്‍ത്തനങ്ങള്‍ രചിച്ചിരിക്കുന്നത്. നാല് വൃത്തങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്.
  1. മഞ്ജരി വൃത്തത്തിലാണ് മിക്ക സങ്കീര്‍ത്തനങ്ങളും രചിച്ചിരിക്കുന്നത്. മിക്കവര്‍ക്കും പരിചിതവും ലളിതവുമായ ഈ വൃത്തം ഒട്ടനവധി രാഗങ്ങളില്‍ പാടാവുന്നതാണ്. ഉന്തുന്തു ന്തുന്തുന്തു ന്തുന്തുന്തു ന്തുന്തുന്തു
    ന്തുന്തുന്തു ന്തുന്തുന്തു ന്താളേയുന്ത്
    രീതിയിലാണ് കുമാരനാശാന്റെ
    മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമല്ലെങ്കില്‍
    മാറ്റുമവകളീ നിങ്ങളെത്താന്‍
  2. തോന്നത : 4, 8, 18, 19, 37, 40, 49
    ഇതിലാണ് രാമപുരത്ത് വാര്യരുടെ കുചേലവൃത്തം
    കണ്ടാലെത്ര കഷ്ടമെത്രയും മുഷിഞ്ഞ ജീര്‍ണവസ്ത്രം
    കൊണ്ട് തട്ടുടുത്തിട്ടുത്തരീയവുമിട്ട്
  3. കേക: 10, 15, 22, 80, 84, 88, 147
    വൈലോപ്പിള്ളിയുടെ പ്രശസ്തമായ മാമ്പഴം ഇതിലാണ്. ങ്കണത്തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്കെ അമ്മതന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നു ചുടുകണ്ണീര്‍
  4. പഞ്ചചാമരം: 42, 86, 97, 115
സിസ്ടര്‍ മേരി ബനിഞ്ജയുടെ ലോകമേ യാത്ര എന്ന കവിതയില്‍
അരിക്കകത്ത് കൈവിരല്‍ പിടിച്ചു വച്ചൊരക്ഷരം
എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ ഗീതാഞ്ജലി തര്‍ജമയില്‍,
അതീവദീര്‍ഘമായ യാത്രയെത്ര ഞാന്‍ കഴിക്കിലും

ഇതിന്റെ രചന പൂര്‍ത്തിയായപ്പോഴാണ് പ്രൊഫ. പുത്തന്‍ കാവ്‌ മാത്തന്‍ തരകന്‍ രചിച്ച കാവ്യസങ്കീര്‍ത്തനം ശ്രദ്ധയില്‍ പെട്ടത്. 1971 ല്‍ ഇറങ്ങിയ 530 പേജുകളുള്ള ഈ ഗ്രന്ഥത്തില്‍ 150 സങ്കീര്‍ത്തനങ്ങളും പദ്യരൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. മിക്കവയും കേക വൃത്തത്തിലാണ്. കൂടാതെ അന്നനട, കാകളി, മഞ്ജരി, സര്‍പ്പിണി, നതോന്നത, മല്ലിക, സമാസമം, ഇന്ദുവദന, കുറത്തി, ദോളിക, ഓമനക്കുട്ടന്‍, ഉപസര്‍പ്പിണി എന്നീ വൃത്തങ്ങളും ഉപയോഗിച്ചിട്ടുണ്ട്. നീണ്ട സങ്കീര്‍ത്തനങ്ങള്‍ ഒട്ടും ചുരുക്കാതെ പൂര്‍ണരൂപത്തില്‍ തന്നെ പദ്യരൂപത്തിലാക്കിയിരിക്കുന്നു.

കാവ്യസങ്കീര്‍ത്തനം നേരത്തേ കണ്ടിരുന്നെങ്കില്‍ ഒരു പക്ഷെ ഞാന്‍ ഈ കൃതി രചിക്കുമായിരുന്നില്ല. ഭാഷ കൊണ്ട് അമ്മാനമാടുന്ന മഹാകവി മാത്തന്‍ തരകന്റെ കൃതിയുള്ളപ്പോള്‍ പിന്നെ എന്താണ് ഇതിന്റെ പ്രസക്തി എന്ന് ഞാന്‍ സ്വയം ചോദിച്ചു. ഈ കൃതിക്ക് അതില്‍ നിന്നും ചില വ്യത്യാസങ്ങള്‍ എന്റെ ശ്രദ്ധയില്‍ പെട്ടത് ഇവയാണ്:
  1. കാവ്യസങ്കീര്‍ത്തനം എഴുതപ്പെട്ട കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന പല പദങ്ങളും ഇന്ന് പ്രചാരത്തിലില്ല. അങ്ങനെയുള്ള പദങ്ങള്‍ കഴിവതും ഒഴിവാക്കി ലളിതമായ സമകാലിക മലയാളത്തിലാണ് ഈ കൃതിയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്.
  2. ദൈവത്തെക്കുറിയ്ക്കുവാന്‍ "നീ" എന്ന സര്‍വ്വനാമം ഒഴിവാക്കിയിട്ടുണ്ട്. നാം മാനിയ്ക്കുന്നവരെയും മുതിര്‍ന്നവ രെയും നീ എന്ന് വിളിക്കാറില്ലല്ലോ.
  3. പ്രധാന ആശയം വ്യക്തമാകത്തക്കവിധമാണ് ഓരോ സങ്കീര്‍ത്തനവും പദ്യരൂപത്തിലാക്കിയിരിക്കുന്നത്.
  4. വളരെ നീണ്ട സങ്കീര്‍ത്തനങ്ങള്‍ പ്രധാന ആശയങ്ങള്‍ വിട്ടുപോകാതെ ചുരുക്കിയാണ് അവതരിപ്പിച്ചിരിക്കുന്നത്.
മഹാകവി മാത്തന്‍ തരകന്‍ ഇക്കാലത്താണ് ജീവിച്ചിരുന്നതെങ്കില്‍ ഈ മാറ്റങ്ങളില്‍ അദ്ദേഹം നിശ്ചയമായും സന്തോഷി ച്ചേനെ. അദ്ദേഹത്തിന്റെ കൃതിയുടെ കാവ്യഭംഗിയും രചനാപാടവവും ഈ കൃതിക്ക് അവകാശപ്പെടാനാവില്ല. എന്നാല്‍ സണ്ടേസ്കൂളിലും പ്രാര്‍ഥനായോഗങ്ങളിലും മറ്റും കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഉപയോഗിക്കത്തക്കവണ്ണം ലളിതമായ ഭാഷയുള്ളത് ഈ കൃതിയിലാണെന്ന് ആരും സമ്മതിക്കും. കാവ്യസങ്കീര്‍ത്തനം സാഹിത്യാസ്വാദകരായ വായനക്കാരെ ഉദ്ദേശിച്ചാണെങ്കില്‍ ഈ കൃതി സാധാരണക്കാരെ ഉദ്ദേശിച്ചാണ്. ഇക്കാര്യം വ്യക്തമാക്കുന്നതിനായി ഇരുകൃതികളില്‍ നിന്നും മഞ്ജരി വൃത്തത്തിലുള്ള ചില വരികള്‍ താരതമ്യപ്പെടുത്താം.

സങ്കീര്‍ത്തനം 39
നീയറിയിക്കണം മാമാകാന്ത്യ ത്തെയും
ജീവിതകാലപര്യന്തത്തെയും
ഞാന്‍ ക്ഷണഭംഗുരനെന്നറി ഞ്ഞീടട്ടെ നിന്‍ മുന്നിലെന്നാ യുസ്സെത്ര ഹീനം
(മാത്തന്‍ തരകന്‍ - പേജ് 143)
എന്നവസാനിക്കുമെന്നുടെ ജീവിതം
എന്നറിയിച്ചാലും സര്‍വേശ്വരാ
എത്രയോ ഹ്രസ്വമാണെന്നുടെ യായുസ്സ്
എത്ര ക്ഷണികമതെന്നറിവൂ
(ഈ കൃതി)

സങ്കീര്‍ത്തനം 51
സ്വാന്തരംഗത്തിലെ സത്യം താനല്ലയോ
സന്തതമിച്ഛിപ്പതങ്ങു ദേവാ
മാമകഹൃത്തടപ്രച്ഛന്ന രംഗത്തെ
വിജ്ഞാനം കൊണ്ട് നിറയ്ക്കണമേ
നിര്‍മ്മലനാകുവാനീസോപ്പു കൊണ്ടെന്നെ നാഥാ നീ ശുദ്ധീകരിക്കേണമേ
(മാത്തന്‍ തരകന്‍ 184)
ഈശനിഷ്ടപ്പെടുന്നെന്‍ പരമാര്‍ത്ഥത
എന്നയറിവെനിക്കുള്ളില്‍ നല്ക
ഈസോപ്പ് കൊണ്ടെന്നെ ശുദ്ധീകരിക്കണേ
എന്മനം മഞ്ഞ് പോല്‍ വെണ്മയാകാന്‍

(ഈ കൃതി)



സങ്കീര്‍ത്തനം 143
നീതിമാന്‍ നീ പരം വിശ്വസ്തന്‍ സര്‍വേശ
നീയെനിക്കുത്തരമേകിടേണം
ന്യായവിസ്താരത്തിനെന്നെ വിളിക്കൊലാ
നിന്‍ മുമ്പില്‍ നീതിമാനാരുമില്ല
(മാത്തന്‍ തരകന്‍ - പേജ് 505)
നീതിമാനാകുന്നു വിശ്വസ്തനും നാഥന്‍
എങ്കിലുമെന്നെ വിധിക്കരുതേ
ആരുമൊരുനാളും താവക ദൃഷ്ടിയില്‍
നിശ്ചയം നീതിമാനാകുകില്ല (ഈ കൃതി)

സങ്കീര്‍ത്തനം 148
സ്തുതിക്കുവിന്‍ നിജ ഭടജനങ്ങളെ
സ്തുതിക്കുവിനിനശശികളെ
സ്തുതിക്കുവിന്‍ പ്രഭയെഴുമുഡുക്കളെ
സ്തുതിക്കുവിന്‍ നിങ്ങള്‍ സവിനയം
പരമനാകമേ നഭസ്ഥലത്തിന്റെ മുകളില്‍ തുള്ളുന്ന ജലവുമേ സ്തുതിക്കുവിന്‍ നിങ്ങളവനെ സന്തതം
സ്തുതിക്കുവിന്‍ നിങ്ങള്‍ പ്രഭുവിനെ
തിരുവടിയുടെ വചനത്താലവ
വിരചിതങ്ങളായ് ലസിക്കയാല്‍
തിരുവടിയവയ്ക്കരുളി ശാശ്വത
നിലയലംഘ്യമാം നിയമവും
(മാത്തന്‍ തരകന്‍ - പേജ് 522 )
സ്വര്‍ഗ്ഗീയ സൈന്യമേ ദൂതര്‍ നിരകളേ
സൂര്യചന്ദ്രന്മാരേ താരങ്ങളേ
ഉന്നതസ്വര്‍ഗ്ഗമേ മേല്‍ജലരാശിയെ
രാജരാജന്ന് സ്തുതിപാടുവിന്‍

താവക കല്പനയാല്‍ സൃഷ്ടി ചെയ്തതാല്‍
ശാശ്വതമായ് നിലനില്‍ക്കുന്നവ
മാറ്റമില്ലാത്തയതിരുകള്‍ വച്ചുതാന്‍
മാറ്റമില്ലാത്ത പ്രമാണങ്ങളും

(ഈ കൃതി )

ഈ കൃതിക്ക് അനുഗ്രഹാശംസ രചിച്ച പരിശുദ്ധ ബാവാ തിരുമേനിയുടെ തൃപ്പാദങ്ങളില്‍ ഈ കൃതി നന്ദിപൂര്‍വ്വം സമര്‍പ്പിക്കുന്നു. ഈ കൃതി ജനസമക്ഷം അവതരിപ്പിക്കുന്ന വേദപണ്ഡിതന്‍ ഫാ. ഡോ. രജി മാത്യുവിന് ഹൃദയം നിറഞ്ഞ നന്ദി. ആദിയോടന്തം വായിച്ച് തെറ്റുകള്‍ തിരുത്തുകയും ഒരു സാഹിത്യാസ്വാദന കുറിപ്പ് രചിക്കുകയും ചെയ്ത മലയാളം പ്രൊഫസര്‍ ശ്രീ വി. . ഫിലിപ്പിന് ഹൃദയം നിറഞ്ഞ നന്ദി. ഈ കൃതി വായിച്ച് അനുമോദിക്കുകയും മെച്ചപ്പെടുത്താനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കു കയും ചെയ്ത പ്രശസ്ത വേദപണ്ഡിതന്‍ ഫാ. ഡോ. കെ. എം. ജോര്‍ജ്, ക്രിസ്തുഗാഥയുടെ കര്‍ത്താവായ പ്രഫ. മാത്യു ഉലകംതറ, പ്രവാസി കവയിത്രി എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, കവിയും ചിത്രകാരനുമായ ജോര്‍ജുകുട്ടി താവളം, മനശാസ്ത്രജ്ഞനായ ഡോ. വര്‍ഗീസ്‌ പുന്നൂസ് എന്നിവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. ഇപ്പോള്‍ ഇത് വായിക്കുവാന്‍ സന്മനസ്സ് കാട്ടുന്ന താങ്ക ളോടും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു!

ജോണ്‍ ഡി. കുന്നത്ത്




ലളിതമായ ആവിഷ്ക്കാരം
ബൈബിളിലെ സങ്കീര്‍ത്തനങ്ങളില്‍ പ്രാര്‍ത്ഥനകളുണ്ട്, സ്തോത്രങ്ങളുണ്ട്, പരാതികളുണ്ട്, വിലാപങ്ങളുമുണ്ട്. ചരിത്രത്തിലെ വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഒരു ജനത ദൈവ ത്തിന്റെ മഹത്വം കണ്ട് തന്നെ പുകഴ്ത്തുകയും തന്നില്‍ ആശ്രയം വയ്ക്കുകയും ചെയ്യുന്നത് സങ്കീര്‍ത്തനങ്ങളില്‍ കാണാം. ഒരു ജനത എന്ന നിലയില്‍ ധൈര്യപൂര്‍വ്വം മുന്നോട്ട് പോകുവാന്‍ സങ്കീര്‍ത്ത നങ്ങള്‍ അവരെ സഹായിച്ചിട്ടുണ്ട് എന്ന് കരുതണം. ഇന്നത്തെ കാലത്തും ആത്മധൈര്യം നഷ്ടപ്പെടുന്ന വ്യക്തികള്‍ക്കും ജനത കള്‍ക്കും സങ്കീര്‍ത്തനങ്ങളിലെ ഓരോ വരിയും ആശ്വാസവും ആത്മധൈര്യവും പകരുന്നു.
ശ്രീ ജോണ്‍ കുന്നത്ത് സങ്കീര്‍ത്തനങ്ങള്‍ വായിച്ച് ഗ്രഹിച്ച് അവ സ്വന്തം ഭാഷയില്‍ അത്യന്തം ലളിതമായി ഈ കൃതിയില്‍ പുനരാവിഷ്കരിച്ചിരിക്കുന്നു. ഓരോ സങ്കീര്‍ത്തനത്തിന്റെയും ആശ യമുള്‍ക്കൊണ്ട്, മൂലകൃതിയോട് നീതി പുലര്‍ത്തിക്കൊണ്ട്, അതീവ ലളിതമായി അവയെ അവതരിപ്പിച്ചിക്കുന്നു. സങ്കീര്‍ത്തനങ്ങളുടെ മാഹാത്മ്യം നന്നായി ഗ്രഹിച്ച ഗ്രന്ഥകാരന്‍ അത് മറ്റുള്ളവരും മനസിലാക്കണം എന്നാഗ്രഹിച്ചുകൊണ്ടാണ് ഇങ്ങനെയൊരു സംരംഭത്തില്‍ ഏര്‍പ്പെട്ടത്. ഇത് അനേകര്‍ക്ക് പ്രയോജന പ്പെടട്ടെ എന്ന് ആശംസിക്കുന്നു.
എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍

കീര്‍ത്തനരൂപത്തിലേക്ക് മടങ്ങുന്ന സങ്കീര്‍ത്തനങ്ങള്‍

വേദപുസ്തകത്തില്‍ വളരെ അമൂല്യവും ഏറ്റവുമധികം വായിക്കപ്പെടുന്നതുമായ ഒന്നാണ് സങ്കീര്‍ത്തനപ്പുസ്തകം. വ്യത്യസ്ത മായ ചരിത്രകാലഘട്ടങ്ങളില്‍ ജീവിക്കുകയും നിര്‍ണായകമായ ജീവിതസാഹചര്യങ്ങളോട് വൈവിധ്യപൂര്‍ണമായി പ്രതികരിക്കു കയും ചെയ്ത വ്യക്തികളുടെ ആന്തരികജീവിതമാണ് ഇതില്‍ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നത്. യഹൂദജനതയുടെ വിശ്വാസാചാര ങ്ങള്‍ പ്രകടിപ്പിക്കുന്ന കവിതകള്‍, സ്തുതിഗീതങ്ങള്‍, പ്രാര്‍ഥനകള്‍ എന്നിവയുടെ ഒരു വലിയ ശേഖരമാണ് സങ്കീര്‍ത്തനങ്ങള്‍. അവ യില്‍ അന്തര്‍ലീനമായിരിക്കുന്ന സൌന്ദര്യവും പ്രകടിപ്പിക്കുന്ന വികാരങ്ങളുടെ നൈസര്‍ഗ്ഗികതയുമാണ് ഇതിനെ സാര്‍വ്വജനീ നവും സര്‍വാദൃതവും ആക്കിത്തീര്‍ക്കുന്നത്. യഹൂദ ദൈവാലയങ്ങ ളില്‍ സങ്കീര്‍ത്തനങ്ങള്‍ ആലപിക്കപ്പെടുന്നുണ്ട്. ക്രൈസ്തവ ആരാ ധനയില്‍ ഇത് ധാരാളമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദൈവാലയ ത്തിലും കുടുംബാരാധനയിലും സങ്കീര്‍ത്തനങ്ങള്‍ പതിവായി വായിക്കപ്പെടുന്നു. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളില്‍ ധാരാളം ആളുകള്‍ സങ്കീര്‍ത്തനങ്ങളില്‍ അഭയവും ആശ്വാസവും കണ്ടെത്തുന്നു.

പല ഭാഷകള്‍ കൈമറിഞ്ഞ് മലയാളത്തിലെത്തിയ സങ്കീര്‍ത്തനങ്ങള്‍ക്ക് ഇന്ന് അതിന്റെ കീര്‍ത്തനസ്വഭാവം അതായത് ഗാനാത്മകത്വം മിക്കവാറും നഷ്ടമായിരിക്കുന്നു. അതുകൊണ്ട് ഇപ്പോഴവ പേരില്‍ മാത്രം കീര്‍ത്തനങ്ങളും രൂപ ത്തില്‍ ഗദ്യവുമാണ്. ഇവയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ചില കീര്‍ത്തനങ്ങള്‍ക്ക് ഗാനരൂപം നല്കപ്പെട്ടിട്ടുണ്ടെങ്കിലും സാര്‍വ്വത്രിക മായി അപ്രകാരം ഉണ്ടായിട്ടില്ല. പ്രസിദ്ധമായ യാഹെന്ന ദൈവ മെന്നിടയനഹോ എന്ന ഗാനം ഇരുപത്തിമൂന്നാം സങ്കീര്‍ത്തന ത്തിന്റെ ഗാനരൂപമാണല്ലോ.

സങ്കീര്‍ത്തനങ്ങളുടെ ഈ ന്യൂനനതയ്ക്ക് നേരെയുള്ള കലഹമാണ് ശ്രീ ജോണ്‍ കുന്നത്തിന്റെ ഈ ഗ്രന്ഥം. പാട്ടുകള്‍ക്ക് ഏറ്റവും അനുയോജ്യമായ ഗാഥാവൃത്തത്തില്‍ സങ്കീര്‍ത്തനങ്ങളെ കീര്‍ത്തനരൂപത്തിലാക്കി യിരിക്കുന്നു. ചുരുക്കമായി ഗാനാത്മക മായ മറ്റു ചില വൃത്തങ്ങളും സ്വീകരിച്ചിട്ടുണ്ട്. യുക്തിയുടെയും ചിന്ത യുടെയും മാദ്ധ്യമമാണ് ഗദ്യം. വികാരത്തിന്റെയും ഹൃദയത്തി ന്റെയും മാധ്യമം കവിതയും ആതിന്റെ ആലാപനരൂപമായ ഗാനവുമാണ്. ദൈവവും മനുഷ്യനും തമ്മിലുള്ള സംവാദം ഹൃദയത്തിന്റെ ഭാഷയിലായിരിക്കണമല്ലോ.

യഹൂദജനത തങ്ങളുടെ വൈയക്തികവും സാമൂഹികവു മായ പ്രതിസന്ധികളില്‍ സര്‍വാത്മനാ യാഹോവയിങ്ക ലേക്ക് തിരിയുന്നതും യഹോവയില്‍ ആശ്രയം വച്ചുകൊണ്ട് അവിടുത്തെ പാടി സ്തുതിക്കുന്നതുമാണല്ലോ സങ്കീര്‍ത്തനങ്ങളില്‍ നാം കാണു ന്നത്. സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ക്രൈസ്തവജനതയും സങ്കീര്‍ത്തനങ്ങള്‍ അപ്രകാരം ഉപയോഗി ക്കുന്നു. എന്നാല്‍ മലയാളസങ്കീര്‍ത്തനങ്ങളുടെ ഗദ്യാത്മകത പൂര്‍ണതോതിലുള്ള ഹൃദയസമര്‍പ്പണത്തിന് തടസ്സമാകാറുണ്ട് . അതിനൊരു പരിഹാരമാണ് ഈ ഗ്രന്ഥത്തിലൂടെ സാധിച്ചിരിക്കു ന്നത്. സങ്കീര്‍ത്തനങ്ങളെ കാവ്യാത്മകമാക്കുവാനുള്ള ശ്രമങ്ങള്‍ മുമ്പും നടന്നിട്ടുണ്ട്. മഹാകവി പുത്തന്‍കാവ്‌ മാത്തന്‍ തരകന്റെ കാവ്യസങ്കീര്‍ത്തനം അതിനുദാഹരണമാണ്.

ശ്രീ പുത്തന്‍കാവ്‌ മാത്തന്‍ തരകന്റെ ഗ്രന്ഥത്തില്‍ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത് കവിതയും ഗാനവും തമ്മിലുള്ള വ്യത്യാസമാണ്. ആദ്യത്തേത് കാവ്യാസ്വാദകാര്‍ക്ക് വേണ്ടിയാ ണെങ്കില്‍ ഇത് ജീവിതത്തിന്റെ നിര്‍ണ്ണായക സാഹചര്യങ്ങളില്‍ ദൈവോന്മുഖമായി നില്‍ക്കുന്ന സാധാരണക്കാര്‍ക്ക് വേണ്ടിയുള്ള താണ്. ജീവിതയാത്രയില്‍ വഴി കാണാതലയുന്ന ഒട്ടേറെ ആളു കള്‍ക്ക് വഴികാട്ടിയും സഹായഹസ്തവുമാകുവാന്‍ ഈ പുസ്തക ത്തിന് കഴിയട്ടേ എന്ന് ആശസിക്കുന്നു.

പ്രൊഫ. വി. . ഫിലിപ്പ് 

2 comments:

  1. സങ്കീർത്തനങ്ങൾ സാമാന്യമായി ഒന്ന് ഗ്രഹിക്കുക എന്നത് തന്നേ ഏറ്റവും വിഷമമുള്ള കാര്യമാണ്. അപ്പോൾ യഹൂദന്മാരുടെ ഗീതങ്ങൾ അവരുടെ സംസ്കൃതി മനസ്സിലാക്കിക്കൊണ്ട് മലയാള ഭാഷയിൽ ക്രമീകരിക്കുക അത്യധികം വിഷമമാണ്. അത് നിർവഹിക്കാൻ സഹോദരന് കഴിഞ്ഞത് വലിയ ദൈവ കൃപ തന്നേ. ആയതിനു അങ്ങയെ പ്രാപ്തിപ്പെടുത്തിയ ദൈവത്തേ സ്തുതിക്കുന്നു, ഒപ്പം അങ്ങേക്ക് അഭിനന്ദനങ്ങൾ... ദൈവം അനുഗ്രഹിക്കട്ടെ...

    ReplyDelete
  2. ശ്രീ. പുത്തൻകാവ് മാത്തൻ തരകന്റെ സഹോദരിയെ എന്റെ അമ്മയുടെ അപ്പന്റെ സഹോദരൻ ശ്രീ. ഔസേഫ് വട്ടശ്ശേരിൽ, തിരുത്തിപ്പള്ളിൽ ആണ് വിവാഹം കഴിച്ചിരിക്കുന്നത്.

    ReplyDelete